Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങള് ലഘൂകരിക്കാന് പദ്ധതികള് തയാറാക്കുന്നതിനായി ഉപദേശക സമിതികള് രൂപീകരിക്കുമെന്നു മന്ത്രി ഷിബു ബേബി ജോണ്. വനംവകുപ്പ് ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഉപദേശക സമിതിയില് കര്ഷക പ്രതിനിധികള്, വനാശ്രിത സമൂഹ പ്രതിനിധികള്, വിഷയ വിദഗ്ധര് എന്നിവരെ ഉള്പ്പെടുത്തും. വന്യജീവികളെ ആകര്ഷിക്കാത്തതോ അകറ്റി നിര്ത്തുന്നതോ ആയിട്ടുള്ള വിളകള്, കാര്ഷിക രീതികള്, സങ്കേതങ്ങള് എന്നിവ യോജിപ്പിച്ചുകൊണ്ട് കര്ഷകര്ക്ക് മികച്ച വരുമാനം പ്രദാനം ചെയ്യുന്ന കൃഷിരീതികള് വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കൃഷിവകുപ്പ്, കേരള കാര്ഷിക സര്വകലാശാല, വനഗവേഷണ കേന്ദ്രം, കര്ഷക പ്രതിനിധികള് എന്നിവരുമായി സഹകരിച്ച് വിശദമായ പദ്ധതി രൂപരേഖ തയാറാക്കും. കാര്ഷിക ശാസ്ത്രജ്ഞന്മാര്, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്, കര്ഷക പ്രതിനിധികള് തുടങ്ങിയവരുമായി ചര്ച്ച ചെയ്ത് പദ്ധതിക്ക് രൂപം നല്കും.
വന്യജീവി ആക്രമണങ്ങള്ക്ക് ഇരയായവര്ക്കുള്ള മെച്ചപ്പെട്ട നഷ്ടപരിഹാരവിതരണം സമയബന്ധിതമായി പൂര്ത്തിയാക്കുന്നതിന് വനം, റവന്യു, ദുരന്തനിവാരണം, കൃഷി, മൃഗസംരക്ഷണം വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് പോര്ട്ടല് തയാറാക്കും.
നഷ്ടപരിഹാരം സമയബന്ധിതമായും കാര്യക്ഷമമായും വിതരണം ചെയ്യുന്നതിനുള്ള നടപടികള് സ്വീകരിക്കും.
വന്യജീവി ആക്രമണത്തില് ജീവന് നഷ്ടപ്പെടുന്നവര്ക്കും പരിക്കു പറ്റുന്നവര്ക്കും അര്ഹമായ നഷ്ടപരിഹാരം കണക്കാക്കി ലഭ്യമാക്കുന്നതിന് ആവശ്യമായ മാര്ഗരേഖ തയാറാക്കാന് വിദഗ്ധ സമിതി രൂപീകരിക്കും.
വന്യമൃഗങ്ങള് കാരണമുണ്ടാകുന്ന കൃഷിനാശം കണക്കാക്കുന്ന മാനദണ്ഡങ്ങള് കാലഹരണപ്പെട്ടതാണെന്നും നല്കിവരുന്ന ധനസഹായം അപര്യാപ്തമാണെന്നും ഇവ കാലോചിതമായി പരിഷ്കരിക്കണമെന്നും വിവിധ കര്ഷക സംഘടനകള് പരാതിപ്പെട്ടിട്ടുണ്ട്.
ഇതിനെക്കുറിച്ച് വിശദമായി പഠിച്ചു റിപ്പോര്ട്ട് സമര്പ്പിക്കുവാന് ഒരു കമ്മിറ്റി രൂപീകരിക്കുന്നതാണെന്നും വനംവകുപ്പ് മന്ത്രി കൂട്ടിച്ചേര്ത്തു.
District News
മൂന്നാര്: വന്യജീവി ആക്രമണഭീതിയിൽ മൂന്നാർ. ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങാൻ തുടങ്ങിയതോടെ പ്രദേശവാസികൾ ആശങ്കയുടെ മുൾമുനയിലായി. കഴിഞ്ഞ ദിവസം എസ്റ്റേറ്റില് മേയാൻ വിട്ട മൂന്നു വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ച് കൊന്നത്. കന്നുകാലികളെ മേച്ചിരുന്ന എസ്റ്റേറ്റ് തൊഴിലാളി മാരിസാമി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പശുക്കളെ ആക്രമിക്കുന്നതുകണ്ട തൊഴിലാളി ഓടി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം പട്ടാപ്പകല് നടന്ന സംഭവം തോട്ടം മേഖലയില് പരിഭ്രാന്തി പടര്ത്തിയിട്ടുണ്ട്. മുമ്പ് തേയിലത്തോട്ടങ്ങളോടു ചേര്ന്നുള്ള ഇടതൂര്ന്ന വനത്തിനുള്ളിലായിരുന്നു വന്യജീവികള് സ്വൈരവിഹാരം നടത്തിയിരുന്നത്. എന്നാല് ഇപ്പോള് തൊഴിലാളികള് ജോലി ചെയ്യുന്ന തോട്ടങ്ങളിൽ വരെ കടുവയും പുലിയുമെല്ലാം ഇറങ്ങിവരുന്ന സ്ഥിതിയാണ്.
തെന്മല എസ്റ്റേറ്റിലെ ലോവര് ഡിവിഷനിലെ മാടസാമി, തങ്കവേല് എന്നിവരുടെ കന്നുകാലികളാണ് കഴിഞ്ഞ ദിവസത്തെ ആക്രമണത്തില് കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്നു വര്ഷത്തിനിടെ 140 കന്നുകാലികളാണ് കടുവയുടെ ആക്രമണത്തില് കൊല്ലപ്പെട്ടത്. വരുമാനത്തിനായി എസ്റ്റേറ്റ് തൊഴിലാളികള് വളര്ത്തുന്ന കന്നുകാലികളാണ് കൊല്ലപ്പെടുന്നത്.
കല്ലാര്, കടലാര്, ലോക്കാട്, മാട്ടുപ്പെട്ടി, കന്നിമല, ചെണ്ടുവര എന്നീ എസ്റ്റേറ്റുകളിലാണ് ഏറ്റവും കൂടുതല് ആക്രമണം നടന്നിട്ടുള്ളത്. വനത്തിനോടു ചേര്ന്നുള്ള എസ്റ്റേറ്റിലെ തൊഴിലാളികള് താമസിക്കുന്ന ലയങ്ങളോടു ചേര്ന്ന് എത്തുന്ന വന്യജീവികളെ ഭയന്ന് കുട്ടികള് പുറത്തിറങ്ങാന്പോലും ഭയപ്പെടുന്ന സാഹചര്യമാണ്.
കടുവ, പുലി എന്നിവയ്ക്കു പുറമേ കാട്ടാനയും കാട്ടുപോത്തും ജനവാസമേഖലകളില് പതിവായി എത്തുന്നുണ്ട്. കന്നുകാലികള് നിരന്തരം വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുമ്പോഴും വനം വകുപ്പ് പുലര്ത്തുന്ന നിസംഗത പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
ഓരോ ആക്രമണം കഴിയുമ്പോഴും വനം വകുപ്പ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പ് നല്കാറുണ്ടെങ്കിലും തുടർന്ന് യാതൊരു നടപടിയും സ്വീകരിക്കാറില്ല.
വനം മന്ത്രി ഉള്പ്പെടെയുള്ളവര് മൂന്നാറിലെത്തി വന്യജീവി ആക്രമണത്തിൽനിന്നു സംരക്ഷണം നൽകുമെന്ന് ഉറപ്പു നല്കിയിരുന്നെങ്കിലും അതെല്ലാം പാഴ്വാക്കായി മാറി.
ആക്രമണം രൂക്ഷമായതോടെ 2021ല് മൂന്നാറിലെ തോട്ടം മേഖലയില് വന്യമൃഗങ്ങളെ ചെറുക്കാന് അടിയന്തര നടപടി സ്വീകരിക്കാന് സര്വകക്ഷി യോഗം ചേർന്നിരുന്നു. ആനകള് സ്ഥിരമായി ഇറങ്ങുന്ന പ്രദേശങ്ങില് സോളാര് വേലികള് നിര്മിക്കാനും കടുവയുടെ സാന്നിധ്യം കണ്ടെത്തുന്ന സ്ഥലങ്ങളില് ഇവയെ പിടികൂടാന് കൂടുകള് സ്ഥാപിക്കാനും യോഗത്തില് തീരുമാനം എടുത്തിരുന്നെങ്കിലും ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല.
മൂന്നാറിൽ തോട്ടം മേഖലയില് വന്യജീവി ആക്രമണത്തിൽ കന്നുകാലികള് കൊല്ലപ്പെടുന്ന സംഭവം പതിവായതോട പ്രദേശവാസികള്ക്കിടയില് പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതേത്തുടർന്നാണ് പ്രശ്ന പരിഹാരത്തിനായി ദേവികുളത്ത് വനം വകുപ്പുദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില് യോഗം ചേര്ന്നത്.
ആവശ്യമായ സ്ഥലങ്ങളിൽ ട്രഞ്ചുകള് നിര്മിക്കാനും എസ്റ്റേറ്റുകളില് കന്നുകാലികളെ കൊല്ലുന്ന കടുവ പതിവായി വരാന് സാധ്യതയുള്ള സ്ഥലങ്ങളില് നിരീക്ഷണ കാമറകള് സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. തീരുമാനം എടുത്ത് അഞ്ചു വര്ഷം പിന്നിട്ടിട്ടും ഇതില് ഒരു തീരുമാനംപോലും നടപ്പാക്കാൻ വനംവകുപ്പ് തയാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
District News
മുക്കം: തിരുവമ്പാടി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വന്യജീവി ആക്രമണം തുടർക്കഥയായിട്ടും അത് പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥയാണന്ന് പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു. തിരുവമ്പാടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സി.കെ. കാസിമിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം മുക്കത്ത് സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കൂട്ടമായി പരിഹരിക്കേണ്ട ഒരു വിഷയമെന്ന നിലക്ക് പ്രശ്ന പരിഹാരത്തിനായി താൻ ശ്രമിക്കുമ്പോൾ സംസ്ഥാന സർക്കാർ ഒരു നിലക്കും സഹകരിക്കുന്നില്ലെന്നും അവർ പറഞ്ഞു. രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാത്തതാണ് അതിന് കാരണം. കഴിഞ്ഞ പത്ത് വർഷത്തിനിടെ കർഷകർ അനുഭവിച്ച പ്രശ്നങ്ങൾ ഒട്ടും കുറഞ്ഞിട്ടില്ല. സർക്കാർ നിസഹകരണം എല്ലാ മേഖലയിലെ കർഷകരും പറയുന്നു. സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷമായി തുടരുകയാണ്.
പാചക വാതക പ്രതിസന്ധിയിലും സർക്കാരിന് ഒന്നും ചെയ്യാനാവുന്നില്ല. കേരളത്തിൽ യുവാക്കൾക്ക് തൊഴിലവസരമില്ലാത്ത അവസ്ഥയാണ്. മത ന്യൂനപക്ഷങ്ങൾ ആക്രമണത്തിന് ഇരയാവുന്നു. എഫ്സിആർഎ നിയമ ഭേദഗതി രാജ്യത്തെ ജീവകാരുണ്യ - സന്നദ്ധ പ്രവർത്തനങ്ങൾക്ക് വൻ തിരിച്ചടിയാണന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നാടാകെ വൻ പ്രതിസന്ധിയിലാവുമ്പോൾ അതിനെ തരണം ചെയ്യാനാവുന്ന ഒരു നേതാവിനെയാണ് വേണ്ടത്. പക്ഷെ കേരളത്തിലും കേന്ദ്രത്തിലും അതിന് പറ്റിയ ഒരു നേതാവില്ല. അവർ സ്വയം താൽപര്യത്തിനായി ഭീരുവായി കഴിയുകയാണന്നും കേരള മുഖ്യമന്ത്രിയും പ്രധാന മന്ത്രിയും ഭീരുക്കളാണന്നും അവർ പറഞ്ഞു.
യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികൾ തന്നെയാണ് യുഡിഎഫിന്റെ പ്രധാന വാഗ്ദാനമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.ചടങ്ങിൽ ബാബു പൈക്കാട്ടിൽ അധ്യക്ഷത വഹിച്ചു. സി.പി. ചെറിയ മുഹമ്മദ്, ഷിനോയ് അടക്കാപാറ, വി.കെ. ഹുസൈൻ കുട്ടി, എം.ടി. അഷ്റഫ്, ബി.പി. റഷീദ്, സി.കെ. കാസിം തുടങ്ങിയവർ പ്രസംഗിച്ചു.വി.ഡി. ജോസഫ്, പി.ജി. മുഹമ്മദ്, മഞ്ജുഷ മാത്യു, ബി.പി. റഷീദ്, അഡ്വ. മോഹലാൽ, ഹെലൻ ഫ്രാൻസിസ് തുടങ്ങിയവർ സംബന്ധിച്ചു.
National
മുംബൈ: അഞ്ചുവർഷത്തിനിടെ മഹാരാഷ്ട്രയിൽ വന്യജീവി ആക്രമണത്തിൽ ജീവൻനഷ്ടമായത് 420 പേർക്ക്. ഇതിൽ 248 പേരുടെ മരണം കടുവയുടെ ആക്രമണത്തിലാണ്.
104 പേർ പുള്ളിപ്പുലിയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടുവെന്ന് വനംമന്ത്രി ഗണേഷ് നായിക് നിയമസഭയിൽ അറിയിച്ചു. കഴിഞ്ഞവർഷം വിദർഭ മേഖലയിൽ മാത്രം വന്യജീവി ആക്രമണത്തിൽ 47 പേർ മരിച്ചു.
കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കു നഷ്ടപരിഹാരമായി 8.27 കോടിരൂപ വിതരണം ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.
District News
ഈരാറ്റുപേട്ട: വന്യജീവി ആക്രമണങ്ങളിൽനിന്നു കർഷകരെ സംരക്ഷിക്കാൻ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും സണ്ണി പൈകട ഈരാറ്റുപേട്ടയിൽ അനുഷ്ഠിക്കുന്ന നിരാഹാരസമരം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മാണി സി. കാപ്പൻ എംഎൽഎ. നിരാഹാരസമരത്തിന്റെ ഏഴാം ദിവസം സമരപ്പന്തലിലെത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമരസമിതി നേതാക്കളായ വി.എം. അബ്ദുള്ളാഖാൻ, ഒ.ഡി. കുര്യാക്കോസ്, അഡ്വ. സുഹൈൽ ഖാൻ, ഷിനോയ് തുരുത്തിയിൽ, റോയി മേക്കല്ലായിൽ,അപ്പച്ചൻ പാറന്തോട്ടത്തിൽ, എ.എസ്. തങ്കപ്പൻ, ജോസ് വയംപോത്തനാൽ എന്നിവർ ചേർന്ന് എംഎൽഎയെ സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണത്തെ തുടർന്നുണ്ടാകുന്ന വിളനാശത്തിനുള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടാൽ നൽകുന്ന നഷ്ടപരിഹാരത്തുകയും വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ് ദീർഘകാല ചികിത്സയിലാകുന്നവർക്കുള്ള ധനസഹായവും വർധിപ്പിക്കുമെന്നും നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
സ്കൂൾ വിദ്യാർഥികളുടെ ഇൻഷ്വറൻസ് ഈ വർഷം മുതൽ നടപ്പിലാക്കും. സംസ്ഥാനത്തെ കരാർ ജീവനക്കാരുടെയും ദിവസവേതനക്കാരുടെയും വേതനം അഞ്ചു ശതമാനം വർധിപ്പിച്ചു. പ്രീപ്രൈമറി ആയമാരുടെ പ്രതിമാസ വേതനത്തിൽ 500 രൂപയുടെ വർധന വരുത്തി.
ലംപ്സംഗ്രാന്റ് പത്ത് ശതമാനം വർധിപ്പിച്ചു. എസ്സി എസ്ടി പ്രമോട്ടർമാരുടെ അലവൻസ് ആയിരം രൂപ വർധിപ്പിച്ചതായും മന്ത്രി പറഞ്ഞു. ഇതുൾപ്പെടെ ബജറ്റിന്റെ ഭാഗമായി എഴുപതോളം പുതിയ പ്രഖ്യാപനങ്ങളും ധനമന്ത്രി സഭയിൽ നടത്തി.
കാഷ്യു കോർപറേഷനിലെയും കാപെക്സിലെയും തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. നോണ് ജേർണലിസ്റ്റ് പെൻഷൻ വർധിപ്പിക്കും. കയർ തൊഴിലാളികളുടെ റിട്ടയർമെന്റ് ബെനിഫിറ്റ് കുടിശിക നൽകുന്നതിനുള്ള നടപടി സ്വീകരിക്കും.
കൈത്തറി നെയ്ത്തുകാർക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള പ്രൊഡക്ഷൻ ഇൻസെന്റീവ് തുക നൽകാനുള്ള നടപടി സ്വീകരിക്കും. കളമശേരി മണ്ഡലത്തിലെ ആലുവ ആലങ്ങാട് റോഡിന്റെ വീതി കൂട്ടുന്നതിനും കളമശേരി പോളിടെക്നിക്കിന്റെ ഓഡിറ്റോറിയം നിർമാണം പൂർത്തീകരിക്കുന്നതിനുമുള്ള തുക അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
Kerala
കോട്ടയം: പെരുകിവരുന്ന വന്യജീവി ആക്രമണങ്ങള്ക്ക് ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാരമാവശ്യപ്പെട്ട് കാസര്ഗോഡ് വെള്ളരിക്കുണ്ടില് നടന്നുവരുന്ന കര്ഷക സ്വരാജ് സത്യഗ്രഹത്തിന് ഐക്യദാര്ഢ്യം പ്രഖ്യപിച്ച് ഈരാറ്റുപേട്ടയിലും അനിശ്ചിതകാല ഉപവാസം നടത്തും.
നാളെ മുതല് ഈരാറ്റുപേട്ട സത്യഗ്രഹപന്തലില് കര്ഷക സ്വരാജ് സത്യഗ്രഹ സംഘാടക സമിതി ചെയര്മാന് സണ്ണി പൈകട അനിശ്ചിതകാല നിരാഹാര സത്യഗ്രഹമാരംഭിക്കും. അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിനു മുന്നോടിയായി വെള്ളരിക്കുണ്ടിലെ സത്യഗ്രഹ പന്തലില്നിന്ന് ഇന്ന് സമരപ്രവര്ത്തകരോടൊപ്പം പയ്യന്നൂര് ശ്രീനാരായണ വിദ്യാലയത്തിലെ ഗാന്ധിമാവിന്റെ ചുവട്ടില് സ്വാതന്ത്ര്യസമരസേനാനി വി.പി. അപ്പുക്കുട്ടന്റെ സാന്നിധ്യത്തില് സത്യഗ്രഹ പ്രതിജ്ഞയെടുത്തും പയ്യന്നൂരിലെ സ്വാതന്ത്ര്യസമര സ്മാരകങ്ങളില് പുഷ്പാര്ച്ചന നടത്തിയുമാണ് സണ്ണി പൈകട കോട്ടയത്തേക്ക് യാത്ര തിരിക്കുക.
നാളെ രാവിലെ പത്തിനു കോട്ടയം തിരുനക്കരയില് ഗാന്ധിപ്രതിമയില് പുഷ്പാര്ച്ചന നടത്തിയശേഷം ഈരാറ്റുപേട്ടയിലേക്ക് സത്യഗ്രഹയാത്ര ആരംഭിക്കും. സത്യഗ്രഹയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കോട്ടയം നഗരസഭാ ചെയര്മാൻ എം.പി. സന്തോഷ് കുമാര് മുഖ്യപ്രഭാഷണം നടത്തും.
ഏറ്റുമാനൂര്, കിടങ്ങൂര്, പാലാ, ഭരണങ്ങാനം തുടങ്ങിയ സ്ഥലങ്ങളില് വിശദീകരണയോഗങ്ങള് നടക്കും. കെ.വി. ബിജു, പി.ടി. ജോണ്, ജോണ് ജോസഫ് എന്നിവര് പ്രസംഗിക്കും. വൈകുന്നേരം നാലിന് ഈരാറ്റുപേട്ടയില് സത്യഗ്രഹപ്പന്തലില് എത്തിച്ചേർന്ന് അനിശ്ചിതകാല ഉപവാസമാരംഭിക്കും. സണ്ണി പൈകടയെ എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാന്സലര് ഡോ. സിറിയക് തോമസ് സത്യഗ്രഹ ഹാരമണിയിക്കും.
പത്രസമ്മേളനത്തില് ജോണ് ജോസഫ്, ജോര്ജുകുട്ടി കടപ്ലാക്കല്, ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേല്, വി.എം. അബ്ദുള്ളാഖാന് എന്നിവര് പങ്കെടുത്തു.
Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണലഘൂകരണത്തിനായി 12 മിഷനുകൾ രൂപീകരിച്ചു പ്രവർത്തിച്ചുവരികയാണെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു.
മിഷനുകളുടെ പ്രവർത്തനഫലമായി വന്യജീവി ആക്രമണങ്ങൾ കാരണമുണ്ടാകുന്ന മരണ നിരക്ക് മുൻ വർഷങ്ങളെ അപേക്ഷിച്ചു ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. 2011-12 ൽ 126 മരണമായിരുന്നത് 2025-26 വർഷത്തിൽ നാളിതുവരെ 42 ആയി കുറഞ്ഞു.
വന്യജീവി ആക്രമണം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതിലൂടെ വനംവകുപ്പും മറ്റു വകുപ്പുകളുമായുള്ള ഏകോപനവും സഹകരണവും ശക്തിപ്പെട്ടു. ഇതുവഴി വകുപ്പിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും വന്യജീവി ആക്രമണങ്ങൾ കുറയ്ക്കുന്നതിനും സാധിച്ചെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: നാട്ടിൽനിന്നു പിടികൂടുന്ന വന്യമൃഗങ്ങളെ തൃശൂർ സുവോളജിക്കൽ പാർക്കിലേക്ക് അയച്ചു തുടങ്ങിയെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ. ഉൾക്കാട്ടിലേക്ക് അയയ്ക്കുന്ന മൃഗങ്ങൾക്കു തിരിച്ചുവരാൻ സാധിക്കുന്നുണ്ട്.
പിടികൂടുന്ന വന്യമൃഗങ്ങളെ സംരക്ഷിക്കാനും ചികിത്സിക്കാനുമുള്ള പ്രത്യേക സംവിധാനം ആവിഷ്കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കാടിന്റെ ഗുണങ്ങൾ എല്ലാവരും അനുഭവിക്കുന്പോൾ വന്യജീവി ആക്രമണം നേരിടുന്നതു കാടിനടുത്തു താമസിക്കുന്നവർ മാത്രമാണെന്ന് ഡോ. അരുണ് സക്കറിയ.
ഇതു വെറുമൊരു പാരിസ്ഥിതിക പ്രശ്നമല്ല, സോഷ്യോ, ഇക്കണോമിക്, ജിയോ പൊളിറ്റിക്കൽ പ്രശ്നമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന ‘കാട്ടിലേക്ക് മനുഷ്യരും നാട്ടിലേക്ക് മൃഗങ്ങളും’ എന്ന പാനൽ ചർച്ച മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ വിവിധ തലങ്ങൾ പരിശോധിക്കുന്ന ഒന്നായി.
വന്യജീവികൾക്ക് ജീവിക്കാൻ വേണ്ടത്ര വനവിസ്തൃതി കേരളത്തിലില്ലെന്നും മലയോര മേഖലയിൽ വന്യജീവി സംഘർഷമുണ്ടാകുന്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ വൈകുന്നുവെന്നുമുള്ള നിലപാടാണ് ചർച്ചയിൽ ചക്കിട്ടപാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് സുനിൽ മുതുകാട് ഉയർത്തിയത്.
കടുവകളുടെ എണ്ണം വർധിച്ചതും അവയുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങളും വന്യജീവി ആക്രമണങ്ങൾ കൂടാൻ കാരണമായിട്ടുണ്ടെന്ന് വനം വകുപ്പിലെ പ്രോജക്ട് കോ-ഓർഡിനേറ്റർ എം. ജോഷിൽ പറഞ്ഞു.
വനത്തിന്റെ തുടർച്ച നഷ്ടമാകുന്നതാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള ഒരു കാരണമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരനും റിട്ടയേഡ് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്സർവേറ്ററുമായ ജെ.ആർ. അനി മോഡറേറ്ററായി.
Leader Page
വന്യജീവി ആക്രമണ വിഷയത്തിൽ കർഷകർക്കൊപ്പമായിരുന്നു മാധവ് ഗാഡ്ഗിൽ. വന്യജീവികളെ നിയന്ത്രിക്കേണ്ടതുണ്ടെന്നു പറഞ്ഞ അദ്ദേഹം വനംവകുപ്പിന്റെ പ്രവർത്തനങ്ങളെ നിശിതമായി വിമർശിച്ചു. കർഷകരുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ വനംവകുപ്പ് പിരിച്ചുവിട്ട് മറ്റു സംവിധാനങ്ങൾ ഏർപ്പെടുത്തണം എന്നുള്ളത്ര തീവ്രമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
1972ലെ വന്യജീവി സംരക്ഷണനിയമം ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കാരണം അത് മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാനുള്ള അവകാശത്തിനു വിരുദ്ധമാണ്. വന്യജീവി സംരക്ഷണത്തിനുമാത്രമാണ് ഈ നിയമം പ്രാധാന്യം നല്കുന്നത്. ഈ നിയമം റദ്ദാക്കണം എന്നദ്ദേഹം ഉറപ്പിച്ചുപറഞ്ഞപ്പോൾ പശ്ചിമഘട്ട റിപ്പോർട്ടിന്റെ പേരിൽ എതിർത്തവർപോലും സർവാത്മനാ സ്വാഗതം ചെയ്തു. പഞ്ചായത്തുതലത്തിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തി ജൈവവൈവിധ്യനിയമമെന്ന ബദലും ഗാഡ്ഗിൽ മുന്നോട്ടുവച്ചു.
മഹാരാഷ്ട്രയിൽ മാത്രം വന്യജീവി ആക്രമണങ്ങളിൽ 40,000 കോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായ കാര്യം അദ്ദേഹം എടുത്തുപറഞ്ഞു. ഇതുപോലെ കേരളത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചും കണക്കുവേണം. പഠനം നടത്തണം.
ഇവിടെ വനംവകുപ്പിന്റെ പക്കൽ വന്യജീവികളെക്കുറിച്ചോ അവയുടെ ആക്രമണവുമായി ബന്ധപ്പെട്ടോ ഒരു കണക്കുമില്ലെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. വിശ്വാസയോഗ്യമല്ലാത്ത കാര്യങ്ങളാണ് അവർ പറയുന്നത്.
അയഥാർഥമായ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് വനംവകുപ്പിന്റെ നടപടികൾ. വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നല്കണം. ജീവനോപാധികൾക്കുണ്ടാകുന്ന നഷ്ടം ഇപ്പോൾ ആരും പരിഗണിക്കുന്നുപോലുമില്ല. ഇതിലുള്ള കടുത്ത പ്രതിഷേധവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
ഷെഡ്യൂൾഡ് ജീവികളുടെ പട്ടികപോലും മാറ്റേണ്ട സമയം കഴിഞ്ഞു. വനമിറങ്ങുന്ന വന്യജീവികൾ ആളുകളെ കൊല്ലുമ്പോൾ അത്തരം വന്യജീവികളെ കൊല്ലാൻ ജനങ്ങൾക്ക് അനുവാദം നല്കണമെന്നായിരുന്നു ഗാഡ്ഗിലിന്റെ അഭിപ്രായം. ഇന്ത്യയിൽ മാത്രമാണ് മൃഗവേട്ടയ്ക്ക് സമ്പൂർണനിരോധനമുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ നിഗമനങ്ങളും നിലപാടും വളരെ വ്യക്തമായിരുന്നു.
മൃഗവേട്ട തെറ്റാണെന്ന ധാരണയാണ് ആദ്യം മാറ്റേണ്ടത്. ദേശീയോദ്യാനങ്ങൾക്കു പുറത്ത് യുക്തിപൂർവം വേട്ട അനുവദിക്കണം. 2002ലെ ജൈവവൈവിധ്യ നിയമം നടപ്പാക്കണം. സ്വന്തം ജീവനു ഭീഷണിയുണ്ടാകുമ്പോൾ ചെയ്യുന്ന കൊലപാതകത്തിനുപോലും സംരക്ഷണമുള്ള നാടാണ്.
പക്ഷേ, ആ സ്ഥാനത്ത് ഒരു മൃഗമാകുമ്പോൾ ഒന്നും ചെയ്യാൻ പാടില്ലെന്നു വരുമ്പോൾ എന്തൊരു നിയമമാണീ നാട്ടിൽ എന്ന ഗാഡ്ഗിലിന്റെ ചോദ്യം ഉത്തരവാദപ്പെട്ട ആരുടെയെങ്കിലും നെഞ്ചിൽ തറച്ചോ എന്നറിയില്ല. പക്ഷേ, അനുഭവസ്ഥരായ ആയിരക്കണക്കിന് കർഷകരുടെ ഉള്ളിൽ മുഴങ്ങുന്ന ചോദ്യമായിരുന്നു അത്.
മാധവ് ഗാഡ്ഗിൽ എന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ വിടപറഞ്ഞെങ്കിലും അദ്ദേഹം ഉയർത്തിയ പ്രശ്നങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും കേരളത്തിന് ഇനിയും ചർച്ച ചെയ്യാതെ വയ്യ. കാരണം നമ്മുടെ നിലനില്പിന്റെ വിഷയങ്ങളാണവ.
Kerala
കോട്ടയം: വന്യജീവി ആക്രമണത്തെ പ്രകൃതിദുരന്തമായി കണക്കാക്കുന്നത് പരിഗണിക്കുവാന് സംസ്ഥാന സര്ക്കാരുകള്ക്ക് സുപ്രിംകോടതി നല്കിയ നിര്ദേശം ഉടന് പ്രാവര്ത്തികമാക്കണമെന്ന് കേരള കോണ്ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി.
വന്യജീവി ആക്രമണം ദുരന്തനിവാരണ നിയമത്തിന്റെ പരിധിയിലാക്കണമെന്ന് ദീര്ഘകാലമായി കേരള കോണ്ഗ്രസ് -എം ഉന്നയിച്ചിരുന്ന പ്രധാനപ്പെട്ട ആവശ്യമാണ്.
ഇതു സംബന്ധിച്ച നിവേദനം കേന്ദ്രസര്ക്കാരിനും മുഖ്യമന്ത്രിക്കും നല്കിയതുമാണ്. വന്യമൃഗങ്ങള് ജനവാസ മേഖലകളില് എത്തുമ്പോള് ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്കുന്നതിനുള്ള നടപടികള് വേഗത്തില് ചെയ്യുന്നതിന് 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം പലപ്പോഴും തടസമായി നില്ക്കുകയാണ്.
സുപ്രിംകോടതിയുടെ നിര്ദേശം നടപ്പാക്കിയാല് സംസ്ഥാന സര്ക്കാരിനും ജില്ലാ ഭരണകൂടത്തിനും പോലീസിനും ജനങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള് കാലതാമസമില്ലാതെ സ്വീകരിക്കാന് കഴിയും. വന്യജീവി ആക്രമണത്തെ പ്രകൃതി ദുരന്തമായി കണക്കാക്കുന്നത് കേരള നിയമസഭ പാസാക്കിയ വന്യജീവി സംരക്ഷണം (കേരള ഭേദഗതി) നിയമത്തെ കൂടുതല് ശക്തിപ്പെടുത്തുമെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.